സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
1 രാജാക്കന്മാർ 18:1

Notes

No Verse Added

1 രാജാക്കന്മാർ 18:1

1
ഏറിയനാൾ കഴിഞ്ഞിട്ടു മൂന്നാം സംവത്സരത്തിൽ ഏലീയാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാൻ ഭൂതലത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു എന്നു പറഞ്ഞു.
2
ഏലീയാവു ആഹാബിന്നു തന്നെത്താൻ കാണിപ്പാൻ പോയി; ക്ഷാമമോ ശമര്യയിൽ കഠിനമായിരുന്നു.
3
ആകയാൽ ആഹാബ് തന്റെ ഗൃഹവിചാരകനായ ഓബദ്യാവെ ആളയച്ചുവരുത്തി; ഓബദ്യാവോ യഹോവയിങ്കൽ മഹാഭക്തനായിരുന്നു.
4
ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.
5
ആഹാബ് ഓബദ്യാവോടു: നീ നാട്ടിലുള്ള എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികത്തു ചെന്നു നോക്കുക; പക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്കു പുല്ലു കിട്ടും എന്നു പറഞ്ഞു.
6
അവർ ദേശത്തുകൂടി സഞ്ചരിക്കേണ്ടതിന്നു അതിനെ തമ്മിൽ പകുത്തു; ആഹാബ് തനിച്ചു ഒരു വഴിക്കു പോയി, ഓബദ്യാവും തനിച്ചു മറ്റൊരു വഴിക്കു പോയി,
7
ഓബദ്യാവു വഴിയിൽ ഇരിക്കുമ്പോൾ ഏലീയാവു എതിരേറ്റുവരുന്നതു കണ്ടു അവനെ അറിഞ്ഞിട്ടു സാഷ്ടാംഗം വീണു: എന്റെ യജമാനനായ ഏലീയാവോ എന്നു ചോദിച്ചു.
8
അവൻ അവനോടു: അതേ, ഞാൻ തന്നേ; നീ ചെന്നു ഏലീയാവു ഇവിടെ ഉണ്ടെന്നു നിന്റെ യജമാനനോടു ബോധിപ്പിക്ക എന്നു പറഞ്ഞു.
9
അതിന്നു അവൻ പറഞ്ഞതു: അടിയനെ കൊല്ലേണ്ടതിന്നു അഹാബിന്റെ കയ്യിൽ ഏല്പിപ്പാൻ അടിയൻ എന്തു പാപം ചെയ്തു?
10
നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാൻ എന്റെ യജമാനൻ ആളെ അയക്കാത്ത ജാതിയും രാജ്യവും ഇല്ല; നീ അവിടെ ഇല്ല എന്നു അവർ പറഞ്ഞപ്പോൾ അവൻ രാജ്യത്തെയും ജാതിയെയുംകൊണ്ടു നിന്നെ കണ്ടിട്ടില്ല എന്നു സത്യം ചെയ്യിച്ചു.
11
ഇങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവല്ലോ.
12
ഞാൻ നിന്നെ പിരിഞ്ഞുപോയ ഉടനെ യഹോവയുടെ ആത്മാവു നിന്നെ ഞാൻ അറിയാത്ത ഒരു സ്ഥലത്തേക്കു എടുത്തു കൊണ്ടുപോകും; ഞാൻ ആഹാബിനോടു ചെന്നറിയിക്കയും അവൻ നിന്നെ കണ്ടെത്താതെ ഇരിക്കയും ചെയ്താൽ അവൻ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതൽ യഹോവഭക്തൻ ആകുന്നു.
13
ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഞാൻ യഹോവയുടെ പ്രവാചകന്മാരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനൻ അറിഞ്ഞിട്ടില്ലയോ?
14
അങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ.
15
അതിന്നു ഏലീയാവു: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്നു അവന്നു എന്നെത്തന്നേ കാണിക്കും എന്നു പറഞ്ഞു.
16
അങ്ങനെ ഓബദ്യാവു ആഹാബിനെ ചെന്നു കണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവെ കാണ്മാൻ ചെന്നു.
17
ആഹാബ് ഏലീയാവെ കണ്ടപ്പോൾ അവനോടു: ആർ ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു.
18
അതിന്നു അവൻ പറഞ്ഞതു: യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാൽവിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടു തന്നേ.
19
എന്നാൽ ഇപ്പോൾ ആളയച്ചു എല്ലായിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കൽ ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക.
20
അങ്ങനെ ആഹാബ് എല്ലായിസ്രായേൽമക്കളുടെയും അടുക്കൽ ആളയച്ചു കർമ്മേൽപർവ്വതത്തിൽ പ്രവാചകന്മാരെ കൂട്ടിവരുത്തി.
21
അപ്പോൾ ഏലീയാവു അടുത്തുചെന്നു സർവ്വജനത്തോടും: നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ എന്നു പറഞ്ഞു; എന്നാൽ ജനം അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.
22
പിന്നെ ഏലീയാവു ജനത്തോടു പറഞ്ഞതു: യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പതുപേരുണ്ടു.
23
ഞങ്ങൾക്കു രണ്ടു കാളയെ തരട്ടെ; ഒരു കാളയെ അവർ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വെക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വെക്കാം;
24
നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു ഇരിക്കട്ടെ; അതിന്നു ജനം എല്ലാം:
25
അതു നല്ലവാക്കു എന്നു ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവു ബാലിന്റെ പ്രവാചകന്മാരോടു: നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്തു ആദ്യം ഒരുക്കിക്കൊൾവിൻ; നിങ്ങൾ അധികം പേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ എന്നു പറഞ്ഞു.
26
അങ്ങനെ അവർക്കു കൊടുത്ത കാളയെ അവർ എടുത്തു ഒരുക്കി: ബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു.
27
ഉച്ചയായപ്പോൾ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം എന്നു പറഞ്ഞു.
28
അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.
29
ഉച്ചതിരിഞ്ഞിട്ടു ഭോജനയാഗം കഴിക്കുന്ന സമയംവരെ അവർ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.
30
അപ്പോൾ ഏലീയാവു: എന്റെ അടുക്കൽ വരുവിൻ എന്നു സർവ്വജനത്തോടും പറഞ്ഞു. സർവ്വജനവും അവന്റെ അടുക്കൽ ചേർന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;
31
നിനക്കു യിസ്രായേൽ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു എടുത്തു,
32
കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോടു ഉണ്ടാക്കി.
33
പിന്നെ അവൻ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിൻ മീതെ വെച്ചു; നാലു തൊട്ടിയിൽ വെള്ളം നിറെച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ എന്നു പറഞ്ഞു.
34
രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്നു അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെ ശേഷം: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്നു അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു.
35
വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവൻ തോട്ടിലും വെള്ളം നിറെച്ചു.
36
ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവയമായ യഹോവേ, യിസ്രയേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.
37
യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ എന്നു പറഞ്ഞു.
38
ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.
39
ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.
40
ഏലീയാവു അവരോടു: ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോൻ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.
41
പിന്നെ ഏലീയാവു ആഹാബിനോടു: നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ടു എന്നു പറഞ്ഞു.
42
ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിന്നു മല കയറിപ്പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്റെ മുകളിൽ കയറി നിലത്തു കുനിഞ്ഞു മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ചു തന്റെ ബാല്യക്കാരനോടു:
43
നീ ചെന്നു കടലിന്നു നേരെ നോക്കുക എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ടു: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ: പിന്നെയും ഏഴുപ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു.
44
ഏഴാം പ്രാവശ്യമോ അവൻ: ഇതാ, കടലിൽനിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: നീ ചെന്നു ആഹാബിനോടു: മഴ നിന്നെ തടുക്കാതിരിക്കേണ്ടതിന്നു രഥം പൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു.
45
ക്ഷണത്തിൽ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി.
46
എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കിയുംകൊണ്ടു യിസ്രായേലിൽ എത്തുംവരെ ആഹാബിന്നു മുമ്പായി ഓടി.
×

Alert

×

malayalam Letters Keypad References